"നിങ്ങളില്‍ ചിലര്‍ ഞാന്‍ ദൈവമെന്ന് പ്രഖ്യാപിക്കുന്നതായി ഉദ്ധരിക്കുന്നുണ്ട്. പക്ഷേ ആ ഉദ്ധരണി പൂര്‍ണമല്ല. നിങ്ങള്‍ ഓരോരുത്തരും ദൈവമാണ്. നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം, ഞാന്‍ ദൈവമാണെന്നുള്ളത് ഞാന്‍ അറിയുന്നു. നിങ്ങള്‍ അത് ഇനിയും അറിയുന്നില്ല.'' ഈ വാക്കുകള്‍ മാതാ അമൃതാനന്ദമയിയുടേതാണ്. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിന് സമാനമായ തെളിവാണ് അമ്മയുടെ ഈ വാക്കുകളെന്ന് അമ്മ ഭക്തനായ ഒരു മുസ്ലിം നാമധാരി സമര്‍ഥിക്കുന്നു (സി.എ കരീം, മാതൃഭൂമി). പ്രതികരണം?
'പറയുക അവന്‍, അല്ലാഹു ഒരുവനാകുന്നു. അവന്‍ സന്താനോല്‍പാദനം നടത്തിയിട്ടില്ല, സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഉണ്ടായിട്ടില്ല' എന്നതാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ദൈവസങ്കല്‍പത്തിന്റെ ആകെത്തുക. ഒരമ്മയുടെയും അഛന്റെയും മകനോ മകളോ ആയി ഭൂമിയില്‍ പിറന്ന ഒരാളും ദൈവമാകില്ലെന്ന് വ്യക്തമാവാന്‍ ഇതില്‍പരം തെളിവുകള്‍ വേണ്ട. അതിനാല്‍ മനുഷ്യപുത്രിയായി ജനിച്ച സുധാമണി ആര് എങ്ങനെ വ്യാഖ്യാനിച്ചാലും, സ്വയം എന്തൊക്കെ അവകാശപ്പെട്ടാലും ഖുര്‍ആന്റെ കണ്ണില്‍ ദൈവമല്ല എന്ന് കട്ടായം. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി അല്ലാഹു സൃഷ്ടിച്ചത് ആദം എന്ന മനുഷ്യനെയാണ്. ആ മനുഷ്യനില്‍നിന്ന് തന്റെ ഇണയെയും ആ ദമ്പതികളില്‍ നിന്നായി മറ്റെല്ലാ മനുഷ്യരെയും ദൈവം സൃഷ്ടിച്ചു. അവര്‍ ശരിയും തെറ്റും, ഓര്‍മയും മറവിയും പറ്റാവുന്ന സൃഷ്ടികളാണെന്ന് തെളിയിക്കുന്ന ഒന്നാമത്തെ സംഭവമാണ് പിശാചിന്റെ ദുര്‍ബോധനത്തിനിരയായി വിലക്കപ്പെട്ട കനി ആദം ഭക്ഷിച്ചത്. മനുഷ്യന് തന്റെ വിശ്വാസവും കര്‍മവും വഴി മാലാഖമാരേക്കാള്‍ ഉയരാം, അത് രണ്ടും വഴി മൃഗങ്ങളേക്കാള്‍ അധഃപതിക്കുകയും ചെയ്യാം. പക്ഷേ, ദിവ്യത്വം മാത്രം ഒരു മനുഷ്യനും വിധിച്ചിട്ടില്ല.

0 comments:
Post a Comment