കാമ്പസുകളിലേക്ക് നീളുന്ന ലഹരി സവാരികള്‍

Monday, March 28, 2011

കൊച്ചിയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് 'ശരീരവേദന'. 'വേദന' മാറാന്‍ പ്രത്യേക വേദനസംഹാരി വേണം. ഒരു ആംപ്യൂളിന് 300 രൂപ വിലയുള്ളതാണ് ഈ 'സംഹാരി'. വിദഗ്ധ ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു മാത്രം നിര്‍ദേശിക്കുന്ന മരുന്നാണിത്. സാധാരണക്കാര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍പോലും മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ഈ മരുന്ന് കിട്ടില്ല. ആശുപത്രികള്‍വഴി രോഗികള്‍ക്ക് നേരിട്ട് മാത്രമാണ് മരുന്ന് ലഭ്യമാവുക. പക്ഷേ, കോളജ് വാതുക്കല്‍ സുലഭമാണ് ഈ മരുന്ന്. ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ തൃക്കാക്കര സ്വദേശി സുധീറാണ് കോളജിന്റെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നത്.
വന്‍കിട മെഡിക്കല്‍ സ്‌റ്റോറില്‍പോലും സൂക്ഷിക്കാത്തത്ര ശേഖരമാണ് ഇയാള്‍ കരുതിവെച്ചിരുന്നത്. ഒടുവില്‍ പിടിവീണു. രഹസ്യവിവരമനുസരിച്ച് എറണാകുളം ഷാഡോ പൊലീസാണ് ഇയാളെ കുടുക്കിയത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്നത് 500 ആംപ്യൂള്‍ മരുന്ന്! ഒന്നരലക്ഷം രൂപ വിലവരും ഇതിന്.
നഗരത്തിലെതന്നെ മറ്റൊരു പ്രമുഖ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഇഷ്ടമുള്ള പേരാണ് 'സദ്ദാം'. ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനല്ല; തൃക്കാക്കരയിലെ സദ്ദാം. പേരുകേട്ട മയക്കുമരുന്ന് കച്ചവടക്കാരനാണ് ഇയാള്‍. ഇടക്കിടെ പൊലീസിന്റെ പിടിയിലാകും. താമസിയാതെ ജാമ്യത്തിലിറങ്ങി സദ്ദാം വീണ്ടും ഭരണം തുടങ്ങും. ഇയാളുടെ മൊബൈല്‍ നമ്പര്‍ പൊലീസിലെ ചിലരുടെ പക്കലുമുണ്ട്. നഗരത്തിലേക്ക് കഞ്ചാവ് എത്തിയെന്നറിഞ്ഞാല്‍ പൊലീസ് ഇയാളെ വിളിക്കും.
എതിരാളിക്ക് എത്തുന്ന കഞ്ചാവ് ആര്, എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് 'സദ്ദാ'മിന് കൃത്യമായി അറിയാം. വൈകുന്നേരത്തിനകം ആള്‍ പിടിയിലാവും. എതിരാളികളും ഇതേ അടവ് പ്രയോഗിക്കുന്നതോടെ ഇടക്കിടെ സദ്ദാമും പിടിയിലാകും. പുറത്തിറങ്ങിയാല്‍ സദ്ദാം വീണ്ടും പഴയ തൊഴിലിലെത്തും. 'ഏഴാം വയസ്സില്‍ കഞ്ചാവ് വലിച്ചുതുടങ്ങിയ തനിക്ക് ഈ രംഗം വിടാനാകില്ല' എന്നാണ് പൊലീസിന് ഇയാള്‍ നല്‍കുന്ന വിശദീകരണം.
കോളജുകള്‍ മാത്രം കേന്ദ്രീകരിച്ച് 'സര്‍വീസ്' നടത്തുന്ന ചില ഓട്ടോറിക്ഷകളുമുണ്ട് എറണാകുളത്ത്. ലഹരിയുടെ ലോകത്തേക്ക് വഴിയൊരുക്കുകയാണ് ഇവ. കഴിഞ്ഞ മാസങ്ങളില്‍ നഗരത്തില്‍ പിടിയിലായത് ഇത്തരത്തിലുള്ള അഞ്ച് ഓട്ടോറിക്ഷകളാണ്. ഓട്ടോറിക്ഷകളുടെ എന്‍ജിന്‍ ഭാഗങ്ങളില്‍ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചില പ്രത്യേക ഓട്ടോറിക്ഷകളില്‍ മാത്രം ചില വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തിയത്. പുലര്‍ച്ചെ അഞ്ചരക്ക് മാത്രം കഞ്ചാവ് കച്ചവടം നടത്തുന്ന പെട്ടി ഓട്ടോക്കാരനും നഗരത്തിലുണ്ട്.
ഒരു കിലോ കഞ്ചാവ് കൈവശംവെച്ചതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. കുറഞ്ഞ അളവിലാണെങ്കില്‍ ലഘുവായ ശിക്ഷയേ ലഭിക്കൂ. അതിനാല്‍ത്തന്നെ, പയറ്റിത്തെളിഞ്ഞ കഞ്ചാവ് കച്ചവടക്കാരെല്ലാം പരമാവധി നൂറ് ഗ്രാം വരുന്ന നാലോ അഞ്ചോ പൊതി കഞ്ചാവ് മാത്രമാണ് കൈവശംവെക്കുക. സ്വന്തം വീട്ടിലും ഇവര്‍ മയക്കുമരുന്ന് സൂക്ഷിക്കില്ല. വെളിമ്പറമ്പുകളിലെ ചവറുകൂനകളും മറ്റുമാണ് 'ഗോഡൗണ്‍'. നഗരത്തിലെ സെമിത്തേരിക്കുള്ളില്‍ ചെറിയ കുഴി കുഴിച്ച് കഞ്ചാവ് സൂക്ഷിച്ച വിരുതനുമുണ്ട് കൂട്ടത്തില്‍. പിടിവീണാലും കുറഞ്ഞ അളവിലുള്ള കഞ്ചാവ് മാത്രമാകും ഇവരുടെ കൈയിലുണ്ടാവുക. ലഘുവായ ശിക്ഷ ഏറ്റുവാങ്ങി താമസിയാതെ ഇവര്‍ വീണ്ടും രംഗത്തിറങ്ങും. കഞ്ചാവ് കച്ചവടത്തിലെ ലാഭം അറിഞ്ഞവര്‍ ഈ രംഗം വിടാന്‍ മടിക്കുമെന്ന് പൊലീസും പറയുന്നു. ഗുണനിലവാരമനുസരിച്ച് കിലോക്ക് ആറായിരം മുതല്‍ എണ്ണായിരം രൂപവരെ വിലക്കാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുക. 50 രൂപ, 100 രൂപ, 200 രൂപ പാക്കറ്റുകളാക്കി വില്‍ക്കുമ്പോള്‍ കിലോക്ക് 20,000 രൂപ വരെ ലഭിക്കും. വിലയുടെ പലമടങ്ങ് ലാഭം. 500 രൂപയുടെ പൊതിയാക്കി സമ്പന്നരായ വിദ്യാര്‍ഥികള്‍ക്കു മാത്രം കച്ചവടം നടത്തുന്ന സ്‌പെഷലിസ്റ്റും നഗരത്തിലെ കച്ചവടക്കാരുടെ കൂട്ടത്തിലുണ്ട്.
ആളൊഴിഞ്ഞ, ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടമാണ് മയക്കുമരുന്ന് സൂക്ഷിക്കാനുള്ള സുരക്ഷിത കേന്ദ്രമെന്ന് കരുതിയാല്‍ തെറ്റി. കഴിഞ്ഞമാസം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മൂന്ന് ചാക്ക് കഞ്ചാവാണ് ഒറ്റദിവസം പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ദിവസങ്ങളായി കിടന്നിരുന്ന കഞ്ചാവാണ് പിടിയിലായത്. അതും ഗന്ധം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരിലൊരാള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന്. തൊട്ടടുത്ത ദിവസം പ്ലാറ്റ്‌ഫോമില്‍ പരിശോധന നടത്തിയപ്പോഴും കിട്ടി ഒരു ചാക്ക് കഞ്ചാവ്. റെയില്‍വേ പ്ലാറ്റ്‌ഫോം തന്നെ ഗോഡൗണാക്കിയ കഞ്ചാവുകച്ചവടക്കാരുടെ ബുദ്ധിക്കുമുന്നില്‍ പൊലീസുകാര്‍ നമിച്ചുപോയി!

നിയന്ത്രണത്തിന്റെ ഗതി ഇങ്ങനെ
==================================
കൊച്ചി നഗരത്തിലെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ട വിഭാഗമാണ് നാര്‍കോട്ടിക് സെല്‍. ഈ വിഭാഗത്തിലേക്ക് ഒരു വിവരം കൈമാറാന്‍ ഫോണ്‍ നമ്പറും അന്വേഷിച്ച് സിറ്റി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അവിടെനിന്ന് കിട്ടിയ വിവരം ഇങ്ങനെ:
'നാര്‍കോട്ടിക് സെല്ലിന് ലാന്‍ഡ് ലൈന്‍ ഇല്ല; ഓഫിസില്‍ സൂക്ഷിക്കുന്ന ഒരു മൊബൈല്‍ നമ്പറുണ്ട്. അത് തരാം- 9447236175'.
ആ നമ്പറിലേക്ക് നിരന്തരം വിളിച്ചു. 'താങ്കള്‍ വിളിക്കുന്ന നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്' എന്ന കിളിനാദം മാത്രം. സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണിലേക്ക് വിളിച്ച് മടുത്തപ്പോള്‍, കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. 'നാര്‍കോട്ടിക് സെല്ലിന് ലാന്‍ഡ് ലൈന്‍ ഉണ്ടല്ലോ; നമ്പര്‍ തരാം എന്നായിരുന്ന മറുപടി. നമ്പര്‍ തന്നു; 2524440. ഭാഗ്യം, വിളിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ ആരോ ഫോണ്‍ എടുത്തു. ഒറ്റശ്വാസത്തില്‍ വിവരം പറഞ്ഞു. മറുപടിയായിരുന്നു രസകരം 'അയ്യോ അത് ഇവിടെ പറയുന്നത് എന്തിനാ? ഇത് കാര്‍ഷിക വികസന ബാങ്കാണ്'. നാര്‍കോട്ടിക് സെല്ലിന്റെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പര്‍ കാര്‍ഷിക വികസന ബാങ്കിന്‍േറതാണ്. നാര്‍കോട്ടിക് സെല്ലാണ് എന്ന ധാരണയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ഫോണ്‍ വരാറുണ്ടെന്ന് കാര്‍ഷിക വികസന ബാങ്കുകാര്‍ പറയുന്നു. മയക്കുമരുന്ന് വില്‍പന സംബന്ധിച്ച് രഹസ്യവിവരം കൈമാറാന്‍ വിളിക്കുന്നവര്‍ കുഴഞ്ഞതുതന്നെ. യഥാര്‍ഥ നമ്പര്‍ 0484 2535131.
ഈവര്‍ഷം ഇതുവരെ എറണാകുളം നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ വിശദാംശങ്ങള്‍.
2010 ജനുവരി: പിടികൂടിയത് ഒന്നേകാല്‍ കിലോ കഞ്ചാവ്; 1744 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- ഒമ്പത്, പിടിയിലായത്- ഒമ്പതുപേര്‍.
2010 ഫെബ്രുവരി: പിടികൂടിയത് 2.14 കിലോ കഞ്ചാവ്; 479 ആംപ്യൂള്‍ മയക്കുമരുന്ന്.
2010 മാര്‍ച്ച്: പിടികൂടിയത് 977 ഗ്രാം കഞ്ചാവ്; 107 ആംപ്യൂള്‍ മയക്കുമരുന്ന്.
2010 ഏപ്രില്‍: പിടികൂടിയത് 1.996 കിലോ കഞ്ചാവ്; 245 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- ഒമ്പത്.
2010 മേയ്: പിടികൂടിയത് 6.274 കിലോ കഞ്ചാവ്; 60 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- 16.
2010 ജൂണ്‍: പിടികൂടിയത് 8.745 കിലോ കഞ്ചാവ്. 25 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- മൂന്ന്.
2010 ജൂലൈ: പിടികൂടിയത് 1.92 കിലോ കഞ്ചാവ്; 280 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്തത്- 23 കേസുകള്‍.
(റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്ന് റെയില്‍വേ പൊലീസ് പിടികൂടിയ കഞ്ചാവുശേഖരം ഇതിന് പുറമെ)

0 comments:

Post a Comment

 

Categories

TEST BLOG LOGO

Recently Commented

Recently Added

MOST RECENT

മന്‍മോഹന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ജൂലിയന്‍ അസാന്‍ജ്

Blog Archive

About Us

© 2010 test Design by Dzignine
In Collaboration with Edde SandsPingLebanese Girls